പൂവേ പൊലി.... പൂവേ പൊലി പൂവേ !!!"

ബാല്യകാലത്തെ ഉത്സവങ്ങളില്‍ ചിങ്ങമാസത്തിലെ ഓണം എക്കാലവും മനസ്സില്‍ മായാത്ത കുറെ ചിത്രങ്ങള്‍ ഓരോ കേരളീയരിലും നിറഞ്ഞു നില്‍ക്കുന്നു. ശ്രാവണ സന്ധ്യകളില്‍ അമ്മയുടെ മാറോടു പറ്റിച്ചേര്ന്നു കിടന്നു ശ്രവിച്ച മുത്തശ്ശീ കഥകളും ഓണപ്പാട്ടിന്റെ ഈരടികളും എല്ലാം പൂര്‍ണമയ് മനസ്സില്‍ ഇല്ലെങ്കിലും പലതും മായാതെ, മങ്ങാതെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പരിലസിക്കുന്നു. ഒരുകാലത്ത് മലയാളി മങ്കമാര്‍ ഓണക്കാലത്ത് പാടിനടന്ന ഒരു മധുര മനോഹര ഗാനമുണ്ട്;


"അങ്ങേക്കര ഇങ്ങേക്കര

കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു.

ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും

തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലി.... പൂവേ പൊലി പൂവേ !!!"

എന്നും പുതുമകളോടെ വന്നണയുന്ന പോന്നോണത്തിന്റെ വര്ണ്ണചാരുത ഒരുപിടി ഗൃഹാതുരത്വ സ്മരണകളാ‌ണ്‌ ഒരോ മലയാളിയിലും ഉണര്‍ത്തുന്നത്. അമ്മയുടേയും, അച്ഛന്റേയും, മാതുലന്മാരുടേയും തണലില്‍ നിറഞ്ഞു തുളുബിയ ബാല്യം, തെയ്യവും, പുലികളിയു

ം, പൂപ്പടയും, ഒക്കെയായ് ജീവിതഗന്ധിയായ കഥാ തന്തുക്കള്‍ക്ക് ജീവന്‍ നല്‍കാന്‍ കെല്പുള്ള നിറമാര്‍ന്ന ഒര്‍മ്മകള്‍ മനസ്സില്‍ കുടിയേറിയത് അന്നാണ്. തിരുവോണത്തിന്റെ ഉത്സവ ലഹരിയില്‍ അനുഭവിച്ചറിഞ്ഞ, ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാത്ത ആ സ്വച്ഛതയും,ആനന്ദവും ഇന്നും എന്നും ജീവിത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു.


കള്ളകര്‍ക്കിടകത്തില്‍ അടിച്ചുതളി നടത്തി ചിങ്ങപ്പുലരിക്ക് ഏറെനാള്‍ മുന്‍പു തന്നെ വീട്ടിലാകെ ഒരു പുതുമയുടെ സുഗന്ധം പരന്നിട്ടൂണ്ടാകും. ചിങ്ങമാസപ്പിറവിയോടെ 'നിറ....നിറ പൊലി....പൊലി' ചൊല്ലി പുതു നെല്‍ക്കതിര്‍ തൂക്കല്‍ എന്ന മഹത്തായ 'നിറ' എന്ന ചടങ്ങ് കേരളത്തിലാകമാനം നിറഞ്ഞു നിന്ന കാര്‍ഷീക ചൈതന്യത്തിന്റെ മകുടോദാഹരണങ്ങളാണ്.

പഞ്ഞകര്‍ക്കിടകത്തിനെ വഴിമാറ്റി മഴപെയ്തൊഴിഞ്ഞ പൊന്‍ചിങ്ങത്തില്‍ അത്തം പിറക്കുന്നതോടെ ആഘോഷം ആഹ്ലാദമായ്, ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങളോടെ ഒരോ മലയാളിയുടെ മനസിലും വന്നു നിറയുന്നു. പുതുമണ്ണെടുത്ത് ശുദ്ധി വരുത്തി കുഴച്ചുരുട്ടി തൃക്കാക്കരയപ്പനെ ഉണ്ടാക്കുമ്പോള്‍,

അത്തത്തിന് പൂവിറുക്കാനുള്ളു ഉത്സാഹമാണ് ഹൃദയത്തില്‍ നിറയുക. ഓണപ്പക്ഷികളുടെ ചൂളം വിളികളും, ഉത്സവരാഗങ്ങളുടെ താളമേള സമന്വയവും മനുഷ്യമനസ്സുകളില്‍ അശാന്തിയുടെ കണങ്ങള്‍‍ ഇല്ലാതാക്കി നിത്യശാന്തിയും കുളിര്‍മയും നിറക്കും.‍

അത്തം തൊട്ട് തിരുവോണം വരെ ചാണകം മെഴുകി ശുദ്ധമാക്കി കളം തീര്‍ത്ത തിരുമുറ്റത്ത് വര്‍ണ്ണാഭമായ അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പന്മാര്‍ നിറഞ്ഞിരിക്കും. കിഴക്ക് പ്രകാശം പരക്കും മുന്‍പേ പൂവട്ടിയും കഴുത്തിലിട്ട് കുരുന്നുകിടാങ്ങള്‍ ഇറങ്ങിയിട്ടുണ്ടാകും. പൂവേ പൊലി പൂവേ...... നാട്ടിലെങ്ങും പൂപ്പൊലിപ്പാട്ടിന്റെ ശീലുകള്‍ അലയടിച്ചുയരും. പാട്ടുപാടാതെ പൂപറിച്ചാല്‍ പറിച്ചപൂ വാടിപ്പോകുമെന്നാണ് ഐതീഹ്യം.


പ്രശസ്ത കവി വൈലോപ്പിള്ളി തന്റെ 'തുമ്പപൂ' എന്ന കവിതയില്‍ ഓണപ്പൂവില്‍ തുമ്പപ്പൂവിന്റെ പ്രധാന്യത്തെ കവിയുടെ ഭാവനയോടെ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. മാവേലിത്തമ്പുരാനെ എതിരേല്‍കാന്‍ വന്ന വര്‍ണ്ണപ്പൂക്കളുടെ കൂട്ടത്തില്‍ നാണിച്ചോതിങ്ങി നിന്ന തുമ്പപ്പൂവിനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ വച്ചുവത്രെ!. മിത്തുകളും ഏറെ സത്യങ്ങളും നിറഞ്ഞ ഇത്തരം കവിസൂക്തങ്ങള്‍ മാനവ രാശിയുടെ യാത്രയിലെ പാഥേയങ്ങളായിരുന്നു.

അത്തപ്പൂക്കളത്തിന്റെ ലഹരികഴിഞ്ഞാല്‍ പിന്നീട് ഉത്രാടവും തിരുവോണവും അരിമാവണിഞ്ഞ് കാല്‍കുടയും ഓണവില്ലും, ഓണവിളക്കുമായ് ഐശ്വര്യസമൃദ്ധമായ ദിനങ്ങളാകും. ഊത്രാട രാവിലെ കൈകൊട്ടിക്കളി ഇന്നും കൗതുകകരങ്ങളായ പദവിന്യാസങ്ങളായ് മനസ്സില്‍ നിന്നും മായതെ നില്‍ക്കുന്നു. ചുവടുകളും താളങ്ങളും ജീവിതതാളങ്ങളായ് ഒരോ വ്യക്തികളിലും നിറഞ്ഞു നിന്നു.

കള്ളവും ചതിവും പൊളിവചനങ്ങളുമില്ലാതിരുന്ന കാലത്തിന്റെ മധുരസ്മരണ പുതുക്കല്‍ കൂടിയായ ഒണം ഒരുകാലത്ത് വിളവെടുപ്പുത്സവം കൂടിയായിരുന്നു. ചിങ്ങപ്പുതുവെയില്‍ തെളിയുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഉണരുന്നത് വയലേലകളും കൊയ്തുപാട്ടിന്റേയും ഈരടികളാണ്. കന്നിപ്പാടങ്ങളിലെ വിളഞ്ഞു തൂങ്ങിയ നെല്‍കതിരും, കൊയ്ത്തും, മെതിയും നാടന്‍പാട്ടും എല്ലാം മലയാളിക്ക് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു.

ഏത് സന്ദര്‍ഭത്തില്‍ ജന്മമെടുത്താലും കൊയ്ത്തുപാട്ടുകള്‍ക്ക് ഐക്യത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഗന്ധം നിറഞ്ഞ് നിന്നിരുന്നു. ചിങ്ങകൊയ്ത്തിന് സമയമായ്..... പെരുമഴക്കാലത്തിനു ശേഷമുള്ള ശാന്തതയില്‍ പൊടുംന്നനെ മലവെള്ളത്തില് പാടം നിറയാന്‍ തുടങ്ങുന്നു. ഒരോരുത്തര്ക്കും കൊയ്യാന് പ്രത്യേകം നിരയുണ്ട്. അവരവരുടെ നിരമാത്രം കൊയ്തുകയറാന്‍ പരസ്പരം നിര്‍ദ്ധേശിച്ചുകൊണ്ട് കൊയ്യാനിറങ്ങുന്ന കര്ഷക സ്ത്രീകളുടെ ഉത്സവലഹരി മഴപ്പാട്ടുകളായ്, ഓണപ്പാട്ടുകളായ്, കൊയ്ത്തുപാട്ടുകളായ് വയലേലകളില് കിനിഞ്ഞിറങ്ങുന്നു......



തെക്കനാംകോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

കിഴക്കനാം കോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

വടക്കനാം കോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

നാലു മഴയോത്തുകൂടീ


കനകമഴ പെയ്യുന്നേയ് !!!

കനകമഴ പെയ്യുന്നേയ് !!!

മലവെള്ളമിറങ്ങുന്നേയ്

മലവെള്ളമിറങ്ങുന്നേയ്

കോതയാറു പെരുകുന്നേയ്

തെക്കുതെക്കു പള്ളീതെക്ക്

പുഞ്ചപ്പാടം കൊയ്യാന്‍ പോണേ

നാലു മഴയൊത്തുകൂടി

കനക മഴ പെയ്യുന്നേയ്

കനക മഴ പെയ്യുന്നേയ് !!!

വെള്ളിത്തക്ക കൊച്ചുകാളിയേ്

എന്റെ നെര കൊയ്യരുതേ......

എന്റെ നെര കൊയ്യരുതേ!!!

തെക്കുതെക്കു പള്ളീതെക്ക്

പുഞ്ചപ്പാടം കൊയ്യാന് പോണേയ്.

എത്ര മഹത്തരങ്ങളായ ഭാവനയാണ് നാടന്‍ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്.


ആധുനീക കമ്പോള സംസ്കാരം നമ്മുടെ നാടന്‍ പാട്ടിനേയും, ഗ്രാമീണ ജീവിതത്തേയും, പ്രകൃതിയേയും തന്നെ മാറ്റി മറിച്ചിരിക്കുന്നു. കമ്പോളത്തില്‍ നിന്നു വിലക്കു വാങ്ങുന്ന വര്‍ണ്ണവസ്തുക്കളിലാണ് ആധുനീക യുവക്ത്വത്തിന് താല്പര്യം.ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വിശ്വസിച്ചു പോരുന്നവരെ പുശ്ചത്തോടെ വീക്ഷിക്കുന്ന സമൂഹം ഏറിവരുന്നു. കൃഷിഭൂമി പരിഷ്കാരത്തിന്റെ അതി-പ്രസരത്തില്‍ തരിശു ഭൂമിയായ് മാറ്റപ്പെട്ട് പിന്നീട് ബഹുനിലമാളികകള്‍ വന്നു. ഓണപ്പൂക്കളം തീര്‍ക്കുവാന്‍ അങ്ങാടി പ്പൂക്കളെയാണ് നാം ആശ്രയിക്കുന്നത്. ഇതള്‍‍ അടര്‍ത്തി തട്ടുകളില്‍ വച്ചിരിക്കുന്ന വാടിയ പൂക്കളുടെ കൂമ്പാരത്തില്‍ ചെത്തിയും, മുല്ലയും, ജമന്തിയും കാണാം..... എന്നാല്‍ ഓണത്തപ്പന്റെ ഇഷ്ട പുഷ്പമായ തുമ്പപ്പൂ ആ കൂട്ടത്തില്‍ കാണില്ല തന്നെ. അരിപ്പൂവ്, അതിരാണിപ്പൂവ്, മഞ്ഞപ്പൂവ്, കക്കപ്പൂ, മുക്കൂറ്റി, കൃഷ്ണമുടി എന്നിവ എന്നോ നമുക്ക് നഷ്ടപ്പെട്ടു. മലയാള നാടിനെ വിളിച്ചുണര്‍ത്തുന്ന പൂപ്പൊലി പാട്ടുകള്‍‍ പാടാനാളില്ല. 'അങ്ങാടിപ്പെരുമ അകത്തേക്ക്... ഓണപ്പഴമ പുറത്തേക്ക്' ഏന്ന പഴഞ്ചോല്ലുകള്‍ അര്‍ത്ഥവത്തായ് മാറി. ഓണാഘോഷങ്ങള്‍ വ്യവസായികവത്കരിച്ച്പ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് കേരളത്തിന്റെ മഹത്തായ പാരമ്പര്യവും ജീവിതദര്ശനവുമാണ്. ഓണം ഒരു ഓര്‍മ്മയും പ്രതീക്ഷയുമാകുന്നു. ഇനിയും നഷ്ടപ്പെടാത്ത പൊന്നോണത്തിന്റെ നൈര്‍മ്മല്യം കാല-ദേശ വ്യത്യാസങ്ങളില്ലാതെ ഏവരിലും തുമ്പപ്പൂ ചോറിന്റെ പരിമളം പരത്തട്ടെ.

"ഏല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍"

പി.എസ്.കുമാര്‍ ആങ്ങാട്ട്

മലയാളത്തിന്‍റെ വിഷുപ്പുലരി വരവായ് !!!

വീണ്ടും ഒരു വിഷു പുലരിയെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്നു.
പ്രഭാതത്തില് ഉണര്ന്ന്, ഫലങ്ങളുടെയും, നെല്ലിന്റ്റേയും, പോന്നിന്റ്റേയും, കൊന്നപ്പൂവിന്റ്റേയും നടുവില്‍ പ്രശോഭിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ കണി കണ്ട് സയൂജ്യമടയുന്നു ഓരോ മലയാളി മനസും. സമൃദ്ധമായ ഒരു ഗ്രാമീണതയെ അവര് നമിക്കുന്നു, ............ ഇരു കരങ്ങളും കൂപ്പി.

കേരളീയ പ്രകൃതിയുടെ സൗന്ദര്യവും ഗ്രാമ ജീവിതത്തിന്റെ സത്യവും ആണ് വിഷു ആഘോഷങ്ങള്. വരും വര്‍ഷം ശാന്തി പൂര്ണവും ഫല സമൃദ്ധവും ആയിരിക്കണേ എന്നാണ് ഓരോ കര്ഷകന്റ്റേയും പ്രാര്ഥന. നാളീകേരപാലില് പുന്നെല്ലിന്റ്റെ അരി വച്ചുണ്ടാക്കുന്ന വിഷുക്കട്ട യുടെ സ്വാദ് പുത്തന് തലമുറയ്ക്ക് അന്യമാണ്. ഉച്ചക്കുള്ള വിഭവ സമൃദ്ധമയ സദ്യയും, മാമ്പഴ പുളിശേ്ശരിയും, ചക്ക എരിശേ്ശരിയും കഴിക്കാന് ഭാഗ്യം ഉള്ളവര് ഇന്നു വിരളം.

സുപ്രഭാത കീര്ത്തനങ്ങളും, ഗായത്രിയും, ബാങ്കു വിളിയും, പള്ളിമണികളും കേട്ടുണര്ന്നിരുന്ന മലയാളിയുടെ പ്രഭാതങ്ങളെ ഇന്ന് ഉണര്ത്തുന്നത്, രാഷ്ട്രീയ കൊലപാതകങ്ങളുടെയും, സ്ത്രീ പീടനങ്ങളുടെയും ചുടു വാര്‍ത്തകളാണ്. മാധ്യമങ്ങള് ദുരന്ത വാര്ത്തകള് ആഘോഷമാക്കുന്നത് നാം മതിമറന്നു കണ്ടുരസിക്കുന്നു. ദുരന്തങ്ങള്ക്ക് ഇരയായവരുടെ ദുഖങ്ങളില് പങ്കു ചേര്ന്ന് അവരെ ആശ്വസിപ്പിക്കുന്നതിനു പകരം മുഴുനീള സീരിയല് കാണുന്ന ലാഘവത്തോടെ നാം അത് ആസ്വദിക്കുന്നു.
പ്രശസ്ത കവയത്രി സുഗതകുമാരി "രാത്രി മഴ" എന്ന കവിതയില് മലയാളിയോട് പറഞ്ഞതു എത്രയോ പ്രസക്തം...

"ആരോ പറഞ്ഞു

മുറിച്ചുമാറ്റാം കേടു

ബാധിച്ചോരാവയവം;

പക്ഷെ, കൊടും കേടു

ബാധിച്ച പാവം മനസോ ?...."

മലയാളിയുടെ മനസ് പാവം അല്ലന്നും കൂടുതലും പാപ പങ്കിലവുമാണന്ന് അടിക്കടി ഉണ്ടായ് കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും ദൃഷ്ടാന്തങ്ങളാണ്. നമ്മുടെ സംസ്കാരത്തിനെ ഉറുമ്പരിക്കാന് തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. കേരള ജനതയുടെ സത്യസന്ത മായ ജീവിതം തകരുകയും അക്രമങ്ങളിലേക്ക് പോതുജീവിതം മാറ്റപ്പെടുകയും ചെയ്യുകയാണന്ന സത്യം വൈകി ആണെന്കിലും നാം മനസിലാക്കുന്നു.
പ്രകൃതിയെ മറന്നുള്ള ജീവിതം നമ്മെ എവിടെയോക്കൊയോ കൊണ്ടെത്തിച്ചു. മേട മാസത്തില് വയല് വരമ്പിലൂടെ നടക്കുമ്പോള് കാണുന്ന അണ്ണാറക്കണ്ണന്റ്റെ തുള്ളിച്ചാട്ടവും എങ്ങോ പോയ്മറഞ്ഞു, ജീവിത സൗകര്യങ്ങള് വര്ദ്ധിപ്പിക്കുന്ന തിരക്കില് പ്രക്രിതിയെ നാം മറന്നു. വിഷുവിന് നാളില് വീട്ടിലുള്ളവരെ വിഷു കണി കാണിച്ചതിന് ശേഷം കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. പ്രകൃതി മായുള്ള മഹത്തായ ബന്ധത്തെയും കെട്ടുറപ്പിനെയും ആണ് ഇത് വെളിപ്പെടുത്തുന്നത്.

പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യരായ് ആണ് നാം ജീവിക്കേണ്ടത് ഒപ്പം പാപ പങ്കിലമല്ലാത്തതും അക്രമരഹിതവുമായ പ്രഭാതങ്ങളാണ് നമുക്കു വേണ്ടത്. ലോകത്തിലെവിടെ ആയാലും നമുക്കു അതിനായ് ഈ വിഷു വേളയില് പ്രാത്ഥിക്കാം, മലയാള മണ്ണിനു നല്കാവുന്ന ഏറ്റവും മഹത്തായ വിഷുകൈനീട്ടവും അതുതന്നെ.


പ്രശസ്ത കവി വൈലോപ്പള്ളി പാടി........
"ഏതു ധൂസര സങ്കല്പങ്ഗളില്‍ വളര്ന്നാലും,
ഏതു യന്ത്രവല്കൃത ലോകത്തില് പുലര്ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും - ഇത്തിരി കൊന്നപൂവും !"

പി.എസ്.കുമാര് ഇലവുംതിട്ട (പ്രവാസഭൂമി വീക്കിലി)
Published in Vishu Supplement

ആഘോഷിക്കാം ഒരോ മരണങ്ങളും !!!!

അടുത്ത സമയത്ത് സുഹൃത്തായ പ്രശസ്ത മന:ശാസ്ത്രക്ജന്‍ തന്റെ കൌണ്സിലിംഗ് കേന്ത്രത്തില്‍ എത്തിയ ഒരു കുട്ടിയേ ക്കുറിച്ചുള്ള വളരെ ചിന്തോദീപ്ത മായ ഒരു അനുഭവ കഥ പറയുകയുണ്ടായ്. പേര് വൈശാഖന്‍ , വയസ് 10. അച്ഛനും അമ്മയും തിരുവനന്തപുരത്ത് വളരെ പ്രശസ്തരായ ഡോക്ട്ടെര്സ്. തങ്ങളുടെ മകന്റെ മാനസീക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് മനശാസ്ത്രക്ന്ജനെ തേടിയെത്തിയത്.


മതാപിതാക്കളുടെ ജോലിത്തിരക്കില്‍ വൈശാഖന്റെ ശൈശവകാലം രൂപപ്പെട്ടത് അവര്‍ കണ്ടെത്തിയ വീട്ടുജോലിക്കാരിയില്‍ കൂടി ആയിരുന്നു. കാറ്ട്ടൂണ്‍ ചിത്രങ്ങളും ഹോറര്‍ സിനിമകളും വളരെ ഇഷ്ടപ്പെട്ടിരുന്ന ജോലിക്കരിക്ക് അതു പകല്‍ സമയങളില്‍ കാണുന്നതു ഇഷ്ട വിനോദമായി. വൈശാഖന് അഞ്ചു വയസുമുതല്‍ കാര്‍ട്ടൂണ്‍ കാണുന്നത്തില്‍ താല്പര്യം കുറഞ്ഞുവത്രെ. പിന്നീട് നിര്‍ബധ്ധം പിടിച്ചു കരയുന്ന കുഞ്ഞ് ഹോറര്‍ സിനിമള്‍ കണ്ടൂ ഊണ്ണാനും ഉറങ്ങാനും തുടങ്ങി. ഇരുനൂറോളം ചാനലുകളുള്ള കേബിള്‍ വഴി ഹോറര്‍ സിനിമകള്‍ ധാരാളം ലഭിക്കുമായിരുന്നു. ശാരീരികമായ് വളര്‍ന്നപ്പോള്‍ മുതല്‍ കുട്ടിയില്‍ അക്രമവാസന ഉടലെടുത്തു തുടങ്ങി. തുടക്കത്തില്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതില്‍ അനന്ദം കണ്ടെത്തിയകുട്ടി സ്കൂളില്‍ സഹപാ ഠികളെ ശാരീരികമായ് പീഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സ്കൂളില്‍ നിന്നും പുറത്താക്കി.

ഈ അനുഭവ കഥ ഇവിടെ വിവരിച്ചത്, കുട്ടിയുടെ മാനസീക തകരാറിനു നൂറു ശതമാനം ഉത്തര വാദി ടിവി മാത്രമാണ് ഏന്ന മിദ്ധ്യാധാരണ ഉള്ളതുകൊണ്ടല്ല. കുട്ടികള്‍ ശരിയും തെ റ്റും കണ്ടു തന്നെ വളരണം എന്ന് അടുത്ത കാലത്ത് പല വിദഗ്ധരും അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായ്. തെറ്റിനേയും ശരിയേയും വേര്‍തിരിച്ചു സ്നേഹപൂര്‍വ്വം മനസിലാക്കി കൊടുക്കാന്‍ മാതാപിതാക്കളോ ഗുരുതുല്യരോ തയ്യാറാകാതെ വരുമ്പോള്‍ കുട്ടികള്‍ തെറ്റിലേക്കു മാത്രം ശ്രദ്ധയൂന്നുന്നതു സ്വാഭാവികം മാത്രമാണ്. നാളെയുടെവാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളുടെ കുരുന്നു മനസില്‍ വിഷസംസ്കാരത്തിന്റെ വിത്തു പാകുന്നത് ഒരു കാലത്തു നാം പുശ്ചിച്ചു കളിയാക്കിയിരുന്ന വിഡ്ഡീപ്പെട്ടിയിലെ വിഭവങ്ങള്‍ തന്നെ.


കരിന്തിരി കത്താതെ, തിളക്കത്തിന് ഒട്ടും കോട്ടം തട്ടാതെ കോടിക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ മങ്ങാതെ ഒളിമങ്ങാതെ നിലനില്‍ക്കുന്ന ഒരു സംസ്ക്രിതി സംഭാവന ചെയ്തു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ ജനാധിപത്യത്തിന്റേയും, സംസ്കാരത്തിന്റേയും സം രക്ഷകരാകേണ്ട നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ ഇപ്പോള്‍ എങ്ങനെ വര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ വിശ്വാസ്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആണ് മാധ്യമങ്ങളുടെ ജീവനും സംസ്കാരവും എന്ന് നിലനില്‍ക്കെ, ദൈവത്തിന്റെ സ്വന്ത്വം നാടെന്നു വിശേഷിപ്പിക്കുന്ന കോച്ചുകേരളത്തിലെ പത്രമാധ്യമങ്ങളും ചാനലുകളും നമ്മുടെ നിര്‍മ്മലമായ അന്തരീക്ഷത്തെയും മനസുകളേയും മലീമസമാക്കാന്‍ തുടങ്ങിയിട്ട് നാളു കുറെയായി. കുട്ടികളെ മാത്രമല്ല, ഉന്നതമൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന മുതിര്‍ന്നരുടെ ബുദ്ധിക്കുപോലും ഭ്രമമുണ്ടാക്കുന്ന ചാനലുകളിലെ വിഭവങ്ങള്‍ യാതൊരുവിധ ജാള്യതയും ഇല്ലാതെ ആണ് നമ്മുടെ സ്വീകരണമുറിലെത്തിച്ചു തരുന്നത്.



ഈ അവസരത്തില്‍ ഒന്നേ നമുക്കു ചെയ്യാന്‍ കഴിയൂ. നമ്മുടെ കുട്ടികളെ കൂടുതല്‍ ശ്രദ്ധയോടെ വളര്‍ത്താന്‍ ശ്രമിക്കുക.ഭഗവത്ഗീതയില്‍ ഭഗവാന്‍ ക്രിഷ്ണന്‍ ബുദ്ധിഭ്രമം ബാദിച്ച അര്‍ജുനനെ ഉപദേശിച്ചത് വളരെ ശ്രദ്ധേയമാണ്.

" ഇന്ദ്രിയാണീ ന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ" ……………..കാതുകൊണ്ട് കേട്ടത് ഗതികേടുകൊണ്ട് കേള്‍ക്കേണ്ടീ വന്നാല്‍ അതു കാതില്‍ തന്നെ നിര്‍ത്തുക, കണ്ണുകൊണ്ട് കണ്ടത് കാണണ്ടാത്ത കാഴ്ചയാണങ്കില്‍ അത് കണ്ടില്ല എന്നു കരുതുക.


പരസ്പര മാത്സര്യത്തില്‍ വാര്‍ത്തകളുടെ ഉറവിടവും സത്യവും അന്വേഷിക്കാതെ തങ്ങള്‍ മുന്പ‍ന്തിയിലാണന്നു തെളിയിക്കാന്‍ അധാര്‍മീക പ്രവണത തുടങ്ങിയിട്ടു കുറെ കാലമായ്. അതിനു അടുത്ത കാലത്തുണ്ടായ ഉത്തമ ഉദാഹരണമാണ് , പ്രമുഖ നടനും തിരക്കഥാക്രിത്തും, സമ്വിധായകനുമായിരുന്ന നമ്മുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ മരണവാര്‍ത്ത നമ്മള്‍ കണ്ടതും, കേട്ടതും. രാവിലെ 11 മണിമുതല്‍ അദ്ധേഹം മരണത്തോടു മല്ലടിക്കുമ്പോള്‍ സാംസ്കാരിക കേരളത്തിലെ പത്രങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷനുകളും ചാനലുകളും ഹനീഫ മരിക്കുന്നതിനു മുന്‍പേ ഫ്ലാഷ് വാര്‍ത്തകളും ലൈവ് ടെലിക്കാസ്റ്റും നല്‍കി മരണം ആഘോഷിക്കുകയായിരുന്നു.


ധര്മ്മാധര്‍മ്മ വിചാരങ്ങളില്ലാതെ ദുഷിച്ചുകോണ്ടിരിക്കുന്ന നമ്മുടെ മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാസ്കാരിക മൂല്യത്തിനും, വ്യക്തിക്ത്വ വികാസത്തിനും അപരിഹാര്യമായ തകരാറുകള്‍ വരുത്തിക്കോണ്ടെയിരിക്കുന്നു.മത്സരബുധ്യാ, അഹങ്കാര ജടിലമായ ഇത്തരം പ്രവണതകള്‍ കേരള ജനത ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരുമെന്നു കണ്ടു തന്നെ അറിയണം.

ഉപനിഷത് പറഞ്ഞു തന്ന മാതിരി നമുക്കും പ്രാര്‍ദ്ധിക്കാം, ...." ഭദ്രം കര്‍ ണേതി ശ്രുണുയാമദേവാ !! നന്മ നിറഞ്ഞതു മാത്രം കാണാണും കേള്‍ക്കാനും ഇടവരുത്തേണമേ ജഗദീശ്വരാ.


അക്ഷര പിശാചിനെ കുറച്ചു സഹിക്കേണ്ടി വന്നതില്‍ പൊറുക്കുക
പി.എസ്.കുമാര് ഇലവുംതിട്ട (പ്രവാസഭൂമി വീക്ക് ലി )