പൂവേ പൊലി.... പൂവേ പൊലി പൂവേ !!!"

ബാല്യകാലത്തെ ഉത്സവങ്ങളില്‍ ചിങ്ങമാസത്തിലെ ഓണം എക്കാലവും മനസ്സില്‍ മായാത്ത കുറെ ചിത്രങ്ങള്‍ ഓരോ കേരളീയരിലും നിറഞ്ഞു നില്‍ക്കുന്നു. ശ്രാവണ സന്ധ്യകളില്‍ അമ്മയുടെ മാറോടു പറ്റിച്ചേര്ന്നു കിടന്നു ശ്രവിച്ച മുത്തശ്ശീ കഥകളും ഓണപ്പാട്ടിന്റെ ഈരടികളും എല്ലാം പൂര്‍ണമയ് മനസ്സില്‍ ഇല്ലെങ്കിലും പലതും മായാതെ, മങ്ങാതെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പരിലസിക്കുന്നു. ഒരുകാലത്ത് മലയാളി മങ്കമാര്‍ ഓണക്കാലത്ത് പാടിനടന്ന ഒരു മധുര മനോഹര ഗാനമുണ്ട്;


"അങ്ങേക്കര ഇങ്ങേക്കര

കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു.

ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും

തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലി.... പൂവേ പൊലി പൂവേ !!!"

എന്നും പുതുമകളോടെ വന്നണയുന്ന പോന്നോണത്തിന്റെ വര്ണ്ണചാരുത ഒരുപിടി ഗൃഹാതുരത്വ സ്മരണകളാ‌ണ്‌ ഒരോ മലയാളിയിലും ഉണര്‍ത്തുന്നത്. അമ്മയുടേയും, അച്ഛന്റേയും, മാതുലന്മാരുടേയും തണലില്‍ നിറഞ്ഞു തുളുബിയ ബാല്യം, തെയ്യവും, പുലികളിയു

ം, പൂപ്പടയും, ഒക്കെയായ് ജീവിതഗന്ധിയായ കഥാ തന്തുക്കള്‍ക്ക് ജീവന്‍ നല്‍കാന്‍ കെല്പുള്ള നിറമാര്‍ന്ന ഒര്‍മ്മകള്‍ മനസ്സില്‍ കുടിയേറിയത് അന്നാണ്. തിരുവോണത്തിന്റെ ഉത്സവ ലഹരിയില്‍ അനുഭവിച്ചറിഞ്ഞ, ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാത്ത ആ സ്വച്ഛതയും,ആനന്ദവും ഇന്നും എന്നും ജീവിത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു.


കള്ളകര്‍ക്കിടകത്തില്‍ അടിച്ചുതളി നടത്തി ചിങ്ങപ്പുലരിക്ക് ഏറെനാള്‍ മുന്‍പു തന്നെ വീട്ടിലാകെ ഒരു പുതുമയുടെ സുഗന്ധം പരന്നിട്ടൂണ്ടാകും. ചിങ്ങമാസപ്പിറവിയോടെ 'നിറ....നിറ പൊലി....പൊലി' ചൊല്ലി പുതു നെല്‍ക്കതിര്‍ തൂക്കല്‍ എന്ന മഹത്തായ 'നിറ' എന്ന ചടങ്ങ് കേരളത്തിലാകമാനം നിറഞ്ഞു നിന്ന കാര്‍ഷീക ചൈതന്യത്തിന്റെ മകുടോദാഹരണങ്ങളാണ്.

പഞ്ഞകര്‍ക്കിടകത്തിനെ വഴിമാറ്റി മഴപെയ്തൊഴിഞ്ഞ പൊന്‍ചിങ്ങത്തില്‍ അത്തം പിറക്കുന്നതോടെ ആഘോഷം ആഹ്ലാദമായ്, ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങളോടെ ഒരോ മലയാളിയുടെ മനസിലും വന്നു നിറയുന്നു. പുതുമണ്ണെടുത്ത് ശുദ്ധി വരുത്തി കുഴച്ചുരുട്ടി തൃക്കാക്കരയപ്പനെ ഉണ്ടാക്കുമ്പോള്‍,

അത്തത്തിന് പൂവിറുക്കാനുള്ളു ഉത്സാഹമാണ് ഹൃദയത്തില്‍ നിറയുക. ഓണപ്പക്ഷികളുടെ ചൂളം വിളികളും, ഉത്സവരാഗങ്ങളുടെ താളമേള സമന്വയവും മനുഷ്യമനസ്സുകളില്‍ അശാന്തിയുടെ കണങ്ങള്‍‍ ഇല്ലാതാക്കി നിത്യശാന്തിയും കുളിര്‍മയും നിറക്കും.‍

അത്തം തൊട്ട് തിരുവോണം വരെ ചാണകം മെഴുകി ശുദ്ധമാക്കി കളം തീര്‍ത്ത തിരുമുറ്റത്ത് വര്‍ണ്ണാഭമായ അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പന്മാര്‍ നിറഞ്ഞിരിക്കും. കിഴക്ക് പ്രകാശം പരക്കും മുന്‍പേ പൂവട്ടിയും കഴുത്തിലിട്ട് കുരുന്നുകിടാങ്ങള്‍ ഇറങ്ങിയിട്ടുണ്ടാകും. പൂവേ പൊലി പൂവേ...... നാട്ടിലെങ്ങും പൂപ്പൊലിപ്പാട്ടിന്റെ ശീലുകള്‍ അലയടിച്ചുയരും. പാട്ടുപാടാതെ പൂപറിച്ചാല്‍ പറിച്ചപൂ വാടിപ്പോകുമെന്നാണ് ഐതീഹ്യം.


പ്രശസ്ത കവി വൈലോപ്പിള്ളി തന്റെ 'തുമ്പപൂ' എന്ന കവിതയില്‍ ഓണപ്പൂവില്‍ തുമ്പപ്പൂവിന്റെ പ്രധാന്യത്തെ കവിയുടെ ഭാവനയോടെ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. മാവേലിത്തമ്പുരാനെ എതിരേല്‍കാന്‍ വന്ന വര്‍ണ്ണപ്പൂക്കളുടെ കൂട്ടത്തില്‍ നാണിച്ചോതിങ്ങി നിന്ന തുമ്പപ്പൂവിനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ വച്ചുവത്രെ!. മിത്തുകളും ഏറെ സത്യങ്ങളും നിറഞ്ഞ ഇത്തരം കവിസൂക്തങ്ങള്‍ മാനവ രാശിയുടെ യാത്രയിലെ പാഥേയങ്ങളായിരുന്നു.

അത്തപ്പൂക്കളത്തിന്റെ ലഹരികഴിഞ്ഞാല്‍ പിന്നീട് ഉത്രാടവും തിരുവോണവും അരിമാവണിഞ്ഞ് കാല്‍കുടയും ഓണവില്ലും, ഓണവിളക്കുമായ് ഐശ്വര്യസമൃദ്ധമായ ദിനങ്ങളാകും. ഊത്രാട രാവിലെ കൈകൊട്ടിക്കളി ഇന്നും കൗതുകകരങ്ങളായ പദവിന്യാസങ്ങളായ് മനസ്സില്‍ നിന്നും മായതെ നില്‍ക്കുന്നു. ചുവടുകളും താളങ്ങളും ജീവിതതാളങ്ങളായ് ഒരോ വ്യക്തികളിലും നിറഞ്ഞു നിന്നു.

കള്ളവും ചതിവും പൊളിവചനങ്ങളുമില്ലാതിരുന്ന കാലത്തിന്റെ മധുരസ്മരണ പുതുക്കല്‍ കൂടിയായ ഒണം ഒരുകാലത്ത് വിളവെടുപ്പുത്സവം കൂടിയായിരുന്നു. ചിങ്ങപ്പുതുവെയില്‍ തെളിയുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഉണരുന്നത് വയലേലകളും കൊയ്തുപാട്ടിന്റേയും ഈരടികളാണ്. കന്നിപ്പാടങ്ങളിലെ വിളഞ്ഞു തൂങ്ങിയ നെല്‍കതിരും, കൊയ്ത്തും, മെതിയും നാടന്‍പാട്ടും എല്ലാം മലയാളിക്ക് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു.

ഏത് സന്ദര്‍ഭത്തില്‍ ജന്മമെടുത്താലും കൊയ്ത്തുപാട്ടുകള്‍ക്ക് ഐക്യത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഗന്ധം നിറഞ്ഞ് നിന്നിരുന്നു. ചിങ്ങകൊയ്ത്തിന് സമയമായ്..... പെരുമഴക്കാലത്തിനു ശേഷമുള്ള ശാന്തതയില്‍ പൊടുംന്നനെ മലവെള്ളത്തില് പാടം നിറയാന്‍ തുടങ്ങുന്നു. ഒരോരുത്തര്ക്കും കൊയ്യാന് പ്രത്യേകം നിരയുണ്ട്. അവരവരുടെ നിരമാത്രം കൊയ്തുകയറാന്‍ പരസ്പരം നിര്‍ദ്ധേശിച്ചുകൊണ്ട് കൊയ്യാനിറങ്ങുന്ന കര്ഷക സ്ത്രീകളുടെ ഉത്സവലഹരി മഴപ്പാട്ടുകളായ്, ഓണപ്പാട്ടുകളായ്, കൊയ്ത്തുപാട്ടുകളായ് വയലേലകളില് കിനിഞ്ഞിറങ്ങുന്നു......



തെക്കനാംകോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

കിഴക്കനാം കോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

വടക്കനാം കോംപൂരത്തില്‍

മഴയുണ്ടുകോള്ളുന്നല്ലോ

മഴയെല്ലാം കോണ്ടൂമാറീ

മറുമഴ കോള്ളുന്നല്ലോ-

നാലു മഴയോത്തുകൂടീ


കനകമഴ പെയ്യുന്നേയ് !!!

കനകമഴ പെയ്യുന്നേയ് !!!

മലവെള്ളമിറങ്ങുന്നേയ്

മലവെള്ളമിറങ്ങുന്നേയ്

കോതയാറു പെരുകുന്നേയ്

തെക്കുതെക്കു പള്ളീതെക്ക്

പുഞ്ചപ്പാടം കൊയ്യാന്‍ പോണേ

നാലു മഴയൊത്തുകൂടി

കനക മഴ പെയ്യുന്നേയ്

കനക മഴ പെയ്യുന്നേയ് !!!

വെള്ളിത്തക്ക കൊച്ചുകാളിയേ്

എന്റെ നെര കൊയ്യരുതേ......

എന്റെ നെര കൊയ്യരുതേ!!!

തെക്കുതെക്കു പള്ളീതെക്ക്

പുഞ്ചപ്പാടം കൊയ്യാന് പോണേയ്.

എത്ര മഹത്തരങ്ങളായ ഭാവനയാണ് നാടന്‍ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്.


ആധുനീക കമ്പോള സംസ്കാരം നമ്മുടെ നാടന്‍ പാട്ടിനേയും, ഗ്രാമീണ ജീവിതത്തേയും, പ്രകൃതിയേയും തന്നെ മാറ്റി മറിച്ചിരിക്കുന്നു. കമ്പോളത്തില്‍ നിന്നു വിലക്കു വാങ്ങുന്ന വര്‍ണ്ണവസ്തുക്കളിലാണ് ആധുനീക യുവക്ത്വത്തിന് താല്പര്യം.ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വിശ്വസിച്ചു പോരുന്നവരെ പുശ്ചത്തോടെ വീക്ഷിക്കുന്ന സമൂഹം ഏറിവരുന്നു. കൃഷിഭൂമി പരിഷ്കാരത്തിന്റെ അതി-പ്രസരത്തില്‍ തരിശു ഭൂമിയായ് മാറ്റപ്പെട്ട് പിന്നീട് ബഹുനിലമാളികകള്‍ വന്നു. ഓണപ്പൂക്കളം തീര്‍ക്കുവാന്‍ അങ്ങാടി പ്പൂക്കളെയാണ് നാം ആശ്രയിക്കുന്നത്. ഇതള്‍‍ അടര്‍ത്തി തട്ടുകളില്‍ വച്ചിരിക്കുന്ന വാടിയ പൂക്കളുടെ കൂമ്പാരത്തില്‍ ചെത്തിയും, മുല്ലയും, ജമന്തിയും കാണാം..... എന്നാല്‍ ഓണത്തപ്പന്റെ ഇഷ്ട പുഷ്പമായ തുമ്പപ്പൂ ആ കൂട്ടത്തില്‍ കാണില്ല തന്നെ. അരിപ്പൂവ്, അതിരാണിപ്പൂവ്, മഞ്ഞപ്പൂവ്, കക്കപ്പൂ, മുക്കൂറ്റി, കൃഷ്ണമുടി എന്നിവ എന്നോ നമുക്ക് നഷ്ടപ്പെട്ടു. മലയാള നാടിനെ വിളിച്ചുണര്‍ത്തുന്ന പൂപ്പൊലി പാട്ടുകള്‍‍ പാടാനാളില്ല. 'അങ്ങാടിപ്പെരുമ അകത്തേക്ക്... ഓണപ്പഴമ പുറത്തേക്ക്' ഏന്ന പഴഞ്ചോല്ലുകള്‍ അര്‍ത്ഥവത്തായ് മാറി. ഓണാഘോഷങ്ങള്‍ വ്യവസായികവത്കരിച്ച്പ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് കേരളത്തിന്റെ മഹത്തായ പാരമ്പര്യവും ജീവിതദര്ശനവുമാണ്. ഓണം ഒരു ഓര്‍മ്മയും പ്രതീക്ഷയുമാകുന്നു. ഇനിയും നഷ്ടപ്പെടാത്ത പൊന്നോണത്തിന്റെ നൈര്‍മ്മല്യം കാല-ദേശ വ്യത്യാസങ്ങളില്ലാതെ ഏവരിലും തുമ്പപ്പൂ ചോറിന്റെ പരിമളം പരത്തട്ടെ.

"ഏല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍"

പി.എസ്.കുമാര്‍ ആങ്ങാട്ട്