സംസ്കൃതി

മോഘമന്നം വിന്ദതേ അപ്രചേതാഃ
സത്യം ബ്രവീമി വധ ഇത്‌ സ തസ്യ
നാര്യമാണം പുഷ്യതി നോ സഖായം
കേവലാഘോ ഭവതി കേവലാദി - (ഋഗ്വേദം-10.117.6)
ഋഷിഃ-ആംഗിരസഭിക്ഷുഃ ദേവതാ-ധനാന്നദാനപ്രശംസാ.
ഛന്ദഃ-ത്രിഷ്ടുപ്‌. സ്വരം-ധൈവതഃ.
അന്വയം
അപ്രചേതാഃ മോഘമന്നം വിന്ദതേ. സ അര്യമാണം ന പുഷ്യതി. ന സഖായം പുഷ്യതി. സഃ സത്യവധഇത്‌. കേവല ആദി കേവല അഘഃഭവതി. ഇതി അഹം സത്യം ബ്രവീമി.

അര്‍ത്ഥം
ബുദ്ധി ശൂന്യര്‍ സൗജന്യഭക്ഷണം ലഭിക്കാന്‍ യത്നിക്കുന്നു. അവര്‍ സുഹൃത്തുക്കളെ പോഷിപ്പിക്കുന്നില്ല. സഹപ്രവര്‍ത്തകരേയും പോഷിപ്പിക്കുന്നില്ല. അവന്റെ ഇത്തരം വ്യാപാരം നാശത്തിനാണ്‌. തന്നത്താനുണ്ണുന്നോന്‍ പാപത്തെയുണ്ണുന്നു. ഇപ്രകാരം ഞാന്‍ സത്യം പറയുന്നു.

ഭാഷ്യം
മനുഷ്യജീവിതത്തിന്‌ രണ്ടുമുഖമുണ്ട്‌. ഒന്ന്‌ കര്‍മത്തിന്റെ മറ്റൊന്ന്‌ ഭോഗത്തിന്റെ. ഇവയില്‍ കര്‍മമോ ഭോഗമോ എതാണ്‌ മുഖ്യം? ഏതാണ്‌ ഗുണം? ഭോഗം കര്‍മഫലമാണ്‌. ഓരോരുത്തരും താന്താങ്ങളുടെ കര്‍മം പരഹിതമനുസരിച്ച്‌ വേണ്ടതുപോലെ ചെയ്താലെ ഭോഗങ്ങള്‍ ലഭിക്കൂ. കര്‍മം ആധാരമാണ്‌. ഭോഗം ആധേയവും. കര്‍മം എന്ന ചുവരിലെ ഭോഗരചന സാധിക്കൂ. കര്‍മം ചെയ്യാതിരുന്നാല്‍ ശരീരത്തിന്റെ കാര്യംപോലും കഷ്ടത്തിലാവും. ശരീരയാത്രാപിചതേന പ്രസിദ്ധ്യേ ദയകര്‍മണഃ (ഗീത-3.8) ചുരുക്കത്തില്‍ കര്‍മം മുഖ്യവും ഭോഗം ഗുണവുമാണ്‌. പക്ഷേ സമൂഹത്തിലെല്ലാക്കാലത്തും ചില ഇത്തിക്കണ്ണികളുണ്ട്‌; സ്വന്തം നെറ്റിവിയര്‍ക്കാതെ അപ്പം തിന്നുന്നവര്‍. അവരെയാണ്‌ അപ്രചേതാക്കള്‍ എന്നു വേദമോതുന്നത്‌. അമ്മായിഅപ്പന്‌ പണമുണ്ടെന്നാല്‍ ആനന്ദം പരമാനന്ദം എന്നുപാടി അച്ചിവീട്ടില്‍ തിന്നുംകുടിച്ചും ഉറങ്ങിയും കഴിയുന്നവര്‍ അപ്രചേതാക്കളിലെ ഒരു വിഭാഗമാണ്‌. സപ്താഹവേദികളിലെ പ്രസാദമൂട്ടെന്ന സൗജന്യഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നവര്‍ വേറൊരു വിഭാഗമാണ്‌. പ്രാണന്‍ ജന്മംതോറും ലഭിക്കും. പരാന്നം ദുര്‍ലഭമാണ്‌. പ്രാണനില്‍ ദയ വിചാരിക്കേണ്ട. പരാന്നം ആവോളം ഭൂജിക്കണമെന്നാണിവരുടെ ജീവിതദര്‍ശനം. പരാന്നമാണ്‌ മോഘമന്നം. അത്‌ വിഷമാണ്‌. അപ്രചേതാക്കള്‍ മോഘമന്നത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു. ഇതുതന്റെ നാശത്തിനേ വഴിവയ്ക്കൂ എന്ന്‌ അവര്‍ അറിയുന്നില്ല. പാവം വിഡ്ഢികള്‍!

അന്യരുടെ സൗജന്യത്തില്‍ കഴിയാനുള്ള ഇച്ഛ ലോകമെങ്ങും പടന്നിരിക്കുന്ന സാംക്രമിക രോഗമാണ്‌. മാനവസമുദായത്തിന്റെ നാശത്തിനേ ഈ രോഗം വഴിവയ്ക്കൂ. ഈ രോഗം ബാധിച്ചവന്‌-വധ ഇത്‌ സഃ തസ്യ-നാശം അവശ്യം ഭാവിയാണ്‌. വേദാദി ധര്‍മശാസ്ത്രത്തിലധിഷ്ഠിതമായ നമ്മുടെ സംസ്കാരത്തില്‍ സത്യത്തിന്‌ പരമസ്ഥാനമാണുള്ളത്‌. പക്ഷെ അതിന്ന്‌ ഏട്ടിലെ പശുമാത്രമാണ്‌. നമ്മുടെ വ്യാവഹാരിക ജീവിതത്തില്‍ സത്യധര്‍മാദികളുടെ ആചരണം വളരെ കമ്മിയാണ്‌. ഇവിടെ പാലില്‍ വെള്ളം ചേര്‍ത്തുവില്‍ക്കുന്നവര്‍ ഏറെയാണ്‌. എന്നാല്‍ ഒരുത്തരും താന്‍ വില്‍ക്കുന്ന പാലില്‍ ഇത്ര ശതമാനം വെള്ളം ചേര്‍ത്തിട്ടുണ്ടെന്ന്‌ പരസ്യം ചെയ്യാറില്ല. ഇവരുടെ മോഘമന്നം തിന്നുന്നത്‌ അപ്രചേതാക്കളാണ്‌. ഇവരുടെ വിശ്വാസ്യത പെട്ടെന്ന്‌ നഷ്ടപ്പെടുന്നു. കച്ചവടം പൊളിയുന്നു. വധ ഇത്‌ സഃ തസ്യ. ഈ വിഡ്ഢികള്‍ സ്വയം നശിക്കുന്നു.